കോട്ടയം ഉൾപ്പടെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പുയർന്നതിനാൽ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം

കോട്ടയം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളിൽ നേരത്തേ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്ത് മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ട്. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് വടവാതൂരിലാണ്. 100 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പുയർന്നതിനാൽ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*