മൂന്ന് സന്ദേശങ്ങള്‍ പിന്‍ ചെയ്തുവെക്കാം, പുതിയ മാറ്റവുമായി വാട്‌സാപ്പ്

വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധി വരെ ഇങ്ങനെ പിന്‍ ചെയ്തുവെക്കാം. ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. 

ഒരു സന്ദേശം വളരെ എളുപ്പം പിൻ ചെയ്തുവെക്കാനാവും. ഇതിനായി പിൻ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേൽ അൽപനേരം വിരൽ അമർത്തിവെക്കുക. തുടർന്ന് വരുന്ന ഓപ്ഷനുകളിൽ പിൻ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയിൽ പിൻ ചെയ്യാം. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിൻ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അൺ പിൻ ചെയ്യാനുമാവും.

മൂന്ന് സന്ദേശങ്ങൾ മാത്രമേ പിൻ ചെയ്യാനാവൂ. കൂടുതൽ സന്ദേശങ്ങൾ പ്രത്യേകം എടുത്തുവെക്കണം എങ്കിൽ അവ സ്റ്റാർ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. സ്റ്റാർ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്ത്, തുറന്നുവരുന്ന ഓപ്ഷനിൽ നിന്ന് സ്റ്റാർ തിരഞ്ഞെടുത്താൽ മതി. സന്ദേശങ്ങളെ പോലെ തന്നെ മൂന്ന് ചാറ്റുകളും വാട്സാപ്പ് ചാറ്റ് ബോക്സിൽ പിൻ ചെയ്തുവെക്കാനാവും. നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ തന്നെ എല്ലാവർക്കും ലഭിച്ചേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*