ഗാവസ്‌കറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ജയ്‌സ്വാള്‍ തിരുത്തി 51 വര്‍ഷത്തെ ചരിത്രം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. തന്റെ പത്താം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാള്‍, ആദ്യ 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഒരു ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഗാവസ്‌കറിന്റെ 978 റണ്‍സ് എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ചരിത്രപുസ്തകത്തില്‍ സ്ഥാനം ഉറപ്പിച്ച് ജയ്സ്വാള്‍ മൊത്തം 1094 റണ്‍സ് ആണ് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സില്‍ 10 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് സ്വന്തം പേരില്‍ കുറിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ 1973 മുതലുള്ള ഗാവസ്‌കറിന്റെ 51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു.

ഈ വര്‍ഷം മാത്രം 13 ഇന്നിംഗ്സുകളില്‍ നിന്ന് 806 റണ്‍സ് ആണ് ജയ്സ്വാള്‍ നേടിയത്. 2024ല്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്ന ജയ്‌സ്വാള്‍ 2024ല്‍ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ സ്‌കോറര്‍ ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*