നവകേരള സദസില്‍ പരാതി കൊടുത്തതിന് പിരിച്ചുവിട്ടു; മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്

കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മ്മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മ്മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച രാവിലെ സൂരജിൻ്റെ ആത്മഹത്യാ ഭീഷണി. തീരുമാനം പുനഃപരിശോധിക്കാമെന്ന് റവന്യൂ മന്ത്രി കെ.രാജൻ്റെ ഓഫീസില്‍നിന്നും ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങിയത്.

പ്രതിദിനം 100 രൂപ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നവകേരള സദസ്സില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. സി.പി.ഐ. ട്രേഡ് യൂണിയന്‍ സംഘടനയായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലാണ് സമരം. മന്ത്രിസഭയില്‍ സി.പി.ഐ. കൈകാര്യം ചെയ്യുന്ന വകുപ്പാണ് റവന്യൂ.

പ്രതികാര നടപടി പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജനോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് 25 മുതല്‍ കെ.എസ്.ഇ.യു, എ.ഐ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളം റവന്യൂ ടവറിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനിടെ ഇന്ന് രാവിലെ സൂരജ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*