
അതിരമ്പുഴ: അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരോടൊപ്പം പുരയിടത്തിലിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പെട്രോളിംഗ് നടത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്നു ഓടിയ യുവാവാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആകാശും സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് വിവരം. മദ്യപിക്കുന്നതിനിടെ ഇതുവഴി പോലീസ് പെട്രോളിംഗ് വാഹനം കടന്നു പോകുന്നതിനിടെ ബീക്കൺ ലൈറ്റ് കണ്ട സംഘം ഭയന്ന് ഓടിയതായി പോലീസ് പറഞ്ഞു. ചിതറിയോടിയ സംഘം പിന്നീട് തിരികെ എത്തിയപ്പോഴാണ് ആകാശിനെ കാണാനില്ലെന്ന് മനസിലായത്. ഇതോടെ ഇവർ അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ തിരച്ചിൽ നടത്തി. പിന്നീട് ഗാന്ധിനഗർ പോലീസും സ്ഥലത്ത് എത്തി. പ്രദേശത്തെ ആൾമറയില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Be the first to comment