രാജ്യത്തെ യുവാക്കള്‍ ഓഹരി വിപണിക്ക് പിന്നാലെ പായുന്നതായി കണക്കുകള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ലാഭം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ ഓഹരി വിപണിയിലേക്ക് എടുത്തുചാടുന്നത്. മതിയായ പഠനവും മുന്നൊരുക്കവുമില്ലാതെ നടത്തുന്ന ഇടപാടുകള്‍ പലരെയും ചെന്നെത്തിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മുപ്പതുവയസില്‍ താഴെയുള്ള യുവാക്കളാണ് കൂടുതലായി ഓഹരി വിപണയിലെ സാധ്യതകള്‍ പരീക്ഷിക്കുന്നത്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ പഠനത്തിലൂം ഇത് സംബന്ധിച്ച വ്യക്തമായ സുചനകളുണ്ട്. ഓഹരി വിപണിയില്‍ ഏറ്റവും വേഗത്തില്‍ വ്യാപാരം നടക്കുന്ന വ്യാപാര രീതിയായ ഇന്‍ട്രാഡേയോടാണ് യുവാക്കള്‍ക്ക് കൂടുതല്‍ താത്പര്യം. ഈ വ്യാപാര രീതി തിരഞ്ഞെടുക്കുന്നവരില്‍ അഞ്ച് വര്‍ഷത്തിനിടെ ഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
2019 ല്‍ 15 ലക്ഷം ആയിരുന്നു ഇന്‍ട്രാഡേ തിരഞ്ഞെടുക്കുന്നവരെങ്കില്‍ 2023 ല്‍ ഇത് 69 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ മുപ്പത് വയസില്‍ താഴെയുള്ളവര്‍ 48 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. അഞ്ച് വര്‍ഷം മുന്‍പ് വെറും 18 ശതമാനം ആയിരുന്ന കണക്കാണ് ഈ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇന്‍ട്രാ ഡേ ട്രേഡിങ്ങില്‍ നഷ്ടം നേരിട്ടവരാണ് ഭൂരിഭാഗം പേരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ട്രാ ഡേ ട്രേഡിങ്ങില്‍ 71 ശതമാനം പേര്‍ക്ക് നഷ്ടം സംഭവിച്ചു, 2022 ല്‍ ഇത് 69 ശതമാനമായിരുന്നു. 2019 ല്‍ 65 ശതമാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഇന്‍ട്രാ ഡേ ട്രേഡിങിന് പുറമെ ഫ്യൂചര്‍, ഒപ്ഷന്‍ ട്രേഡിങ്ങിലും ഭൂരിഭാഗം പേര്‍ക്കും കൈപൊള്ളുന്ന സാഹചര്യമാണ് രാജ്യത്തുണ്ടായതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയില്‍ പരീക്ഷണത്തിനിറങ്ങിയ 93 ശതമാനം പേര്‍ക്കും നഷ്ടമായിരുന്നു ഫലം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ മേഖലയില്‍ ഫ്യൂചര്‍, ഒപ്ഷന്‍ ട്രേഡിങ്ങില്‍ ഭാഗ്യം പരീക്ഷിച്ചവരില്‍ ഒരു വ്യക്തിക്ക് ശരാശരി രണ്ട് ലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ട്രേഡിങ് ആപ്പുകളുടെ മാര്‍ക്കറ്റിങ് തന്ത്രമായ സക്‌സസ് സ്റ്റോറികള്‍ പിന്തുടര്‍ന്നാണ് വലിയൊരു വിഭാഗവും റിസ്‌ക് കൂടിയ വിപണന തന്ത്രങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇടയാക്കുന്നത്. ട്രേഡിങ്ങിലെ ചെറിയ നഷ്ടങ്ങള്‍ നികത്താന്‍ കൂടുതല്‍ പണം മുടക്കുന്നതും , കുടുതല്‍ സമയം വിപണിയ്ക്കായി നിക്കിവയ്ക്കുന്നതും യുവാക്കളെ ട്രേഡിങ്ങ് ചൂതാട്ടം എന്ന നിലയിലേക്കുള്ള മാനസികാവസ്ഥയില്‍ എത്തിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നഷ്ടം നികത്താന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ വായ്പകളയും മറ്റ് മാര്‍ഗങ്ങളെയും കണ്ടെത്താന്‍ ശ്രമിക്കുന്നതാടെ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. ട്രേഡിങ് ആസക്തി എന്ന നിലയിലേക്ക് സാഹചര്യങ്ങള്‍ മാറുന്നതും യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് പ്രവര്‍ത്തനങ്ങളോടുള്ള താത്പര്യം നഷ്ടപ്പെട്ട് കൂടുതല്‍ സമയം ട്രേഡിങ്ങിനായി ചെലവഴിക്കുകയും കുടുംബവുമായും സുഹൃത്തുക്കളുമായും അകലുന്ന നിലയിലേക്കും സാഹചര്യങ്ങള്‍ മാറുന്നുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Be the first to comment