
കോട്ടയം : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. തൃശ്ശൂർ നമ്പ്യാർപാടം ഭാഗത്ത് താന്നിക്കപ്പള്ളി വീട്ടിൽ ഷംസിഖ് റഷീദ് (23) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് വാഴൂർ സ്വദേശിയായ യുവാവിൽ നിന്നുമാണ് പണം തട്ടിയത്. ഓൺലൈൻ ജോലിയിൽ നിന്നും ദിവസവും 8000 രൂപ സമ്പാദിക്കാമെന്ന് യുവാവിൻ്റെ മൊബൈലിലേക്ക് വാട്സ്ആപ്പ് സന്ദേശം വരികയും, തുടർന്ന് അവർ അയച്ചുകൊടുത്ത ലിങ്കുകളിൽ യുവാവ് ക്ലിക്ക് ചെയ്യുകയുമായിരുന്നു. ഇതേതുടർന്ന് യുവാവിൽ നിന്നും പലതവണകളായി ഒരു ലക്ഷത്തി എൺപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിൽ നിന്നും നഷ്ടപ്പെട്ട പണം ഷംസിഖിന്റെ അക്കൗണ്ടിൽ ചെന്നതായി കണ്ടെത്തി. തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ് എച്ച് ഓ മനോജ് കെ എൻ, സി പി ഓ മാരായ സുഭാഷ്, മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷംസിഖിനെ റിമാൻഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Be the first to comment