കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത നേതാവിന് മർദനം

ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത്കോൺ​ഗ്രസ് നേതാവിന് മർദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മർദനമേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചത്.

ഇന്ന് കോരുത്തോട് നടക്കുന്ന ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിലാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരം മനു ഔദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. തുടർന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മനുവിനെ ഫോണിൽ വിളിച്ചു ശകാരിക്കുകയും ഉമ്മൻചാണ്ടി നാട്ടിലില്ലാത്തതിനാലാണ് ചിത്രം നൽകാതിരുന്നതെന്നും പറഞ്ഞു.

ഇന്ന് രാവിലെ സംഘടനാപരമായ കേസുകൾക്കായി കോട്ടയത്ത് കോടതിയിലെത്തിയതായിരുന്നു മനു. ഈസമയം ഡിസിസി ഓഫിസ് സെക്രട്ടറി ഇവിടെയെത്തി മനുവിനെ മർദിക്കുകയായിരുന്നു. 10 മിനിറ്റിലേറെ മനുവിനെ ഓഫിസ് സെക്രട്ടറി മർദിച്ചു. മർദ്ദനത്തിന്റെ പിന്നിൽ നാട്ടകം സുരേഷാണെന്നാണ് മനുവിനെ അനുകൂലിക്കുന്ന വിഭാ​ഗത്തിന്റെ ആരോപണം.

Be the first to comment

Leave a Reply

Your email address will not be published.


*