കണ്ണൂര്‍ : യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജറിനെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തു കമ്മീഷന്‍ അടിക്കുന്ന ചെയര്‍മാനായി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാറി. ഷാജറിന്റ പങ്കില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ അംഗമായ മനു തോമസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഷുഹൈബ് വധക്കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒഞ്ചിയത്തേയും എടയന്നൂരിലേയും കൊലപാതകങ്ങള്‍ പാര്‍ട്ടി സ്‌പോണ്‍സേര്‍ഡ് ആണെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നും മനുതോമസ് വെളിപ്പെടുത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധവും ഷുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നുവെന്നും മനു തോമസ് ആരോപിച്ചിരുന്നു. നേരത്തെ മനു തോമസിനെ വെല്ലുവിളിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയും രംഗത്തെത്തിയിരുന്നു.
മനു തോമസിന് അഭിവാദ്യം നേര്‍ന്ന പഴയ പോസ്റ്റിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളി. എന്തും പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓര്‍ത്താല്‍ നല്ലതെന്നായിരുന്നു ആകാശിന്റെ മുന്നറിയിപ്പ്. ബിസിനസ് പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയത്തിലേക്ക് വന്നയാളെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. റെഡ് ആര്‍മിയെന്ന ഫെയ്സ്ബുക്ക് പേജും മനു തോമസിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ നില്‍ക്കരുതെന്നായിരുന്നു റെഡ് ആര്‍മിയുടെ മുന്നറിയിപ്പ്.
Be the first to comment