വയനാട് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് പരാതി; നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് അന്വേഷണം

കോഴിക്കോട്: വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് കോൺഗ്രസ് നേതാവ് വകമാറ്റിയെന്ന പരാതിയിൽ അന്വേഷണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്  അശ്വിന്‍, പ്രവര്‍ത്തകനായ അനസ് എന്നിവർക്കെതിരെയാണ് പരാതി.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലം പ്രസിഡന്‍റ്  അജല്‍ ദിവാനന്ദ് അയച്ച പരാതി പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ഡിസിസി നേതൃത്വത്തിനും പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമിതിയേയാണ് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്.

അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ നേതാക്കളില്‍ നിന്ന് പ്രാഥമിക മൊഴിയെടുത്തു. യൂത്ത് കോണ്‍ഗ്രസിന്‍റെ ചേളന്നൂരിലെ നേതാക്കളെ ഡിസിസി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി മൊഴിയെടുത്തത്.

സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് ഡിസിസി നേതൃത്വം വ്യക്തമാക്കി. അതേസമയം ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ നല്‍കിയ വിശദീകരണം.

 

Be the first to comment

Leave a Reply

Your email address will not be published.


*