രാഹുലിനെതിരായ ഗോവിന്ദന്റെ പരാമർശം മനുഷ്യത്വവിരുദ്ധം; സാഡിസ്റ്റ് ചിന്തയെന്ന് യൂത്ത് കോൺഗ്രസ്‌

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാമർശത്തിൽ എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം ലഭിക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും കോടതി അത് തള്ളിയെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍റെ  പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ്‌ രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്.

ഗോവിന്ദന്‍റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു. ‘രാഹുലിനെ ചാരി ഗോവിന്ദൻ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്. ജാമ്യം ലഭിക്കാൻ വേണ്ടി കുറുക്കുവഴികൾ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകൾ കൊണ്ട് തളർത്താമെന്ന് ശശിമാർ വിചാരിക്കണ്ട.കേരളത്തിൽ നടക്കുന്നത് ശശിരാജാണ്’. അബിന്‍ വർക്കി പറഞ്ഞു.

ജനറൽ ആശുപത്രിയിൽ ന്യൂറോ സർജൻ ഉണ്ടോ എന്ന് സംശയമാണ്. രക്തസമ്മർദം നോക്കിയപ്പോൾ പോലും ഉയർന്ന നിലയിലായിരുന്നു. ആരുടെ സമ്മർദപ്രകാരമാണ് മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടായത് എന്നറിയില്ല. സംശയങ്ങളിൽ അന്വേഷണം വേണം. ആരോഗ്യ റിപ്പോർട്ടിനെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചെങ്കിൽ അന്വേഷണം വേണം. ഗോവിന്ദന് വക്കീൽ നോട്ടീസയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനൽ നടപടികൾ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്‍റേതെന്നും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*