മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബറെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ ലഭിച്ച പരാതിയിന്മേലാണ് പോലീസ് നടപടി. അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത ശേഷം ഇയാൾ ഒളിവിലായിരുന്നു എന്നും പോലീസ് പറയുന്നു.

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് ചെകുത്താൻ എന്ന യൂട്യൂബ് ചാനലിലൂടെ അജു അലക്സ് മോശം പരാമർശം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തത് വാർത്തയായതിന് പിന്നാലെ ഇയാൾ മറ്റൊരു വീഡിയോയുമായി വീണ്ടും രം​ഗത്തുവന്നിരുന്നു.’നിങ്ങൾ അന്വേഷിക്കേണ്ടത് ഇവിടെ നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ദുരന്തങ്ങളെ കുറിച്ചാണ്.

അത് വരുത്തിവക്കുന്ന അധികാരികളെയും അധികാരദുർവിനിയോ​ഗം നടത്തുന്ന മഹാനടനെയും കുറിച്ചാണ്. അല്ലാതെ ആരോ ഒരാൾ യൂട്യൂബിൽ വീഡിയോ ഇട്ടാൽ അയാളെവിടെപ്പോയി എന്നല്ല’ എന്ന വിശദീകരണവുമായി ഒളിവിലായിരിക്കെ വ്യാഴാഴ്ച രാത്രിയാണ് അജു വീണ്ടും വീഡിയോ ചെയ്തത്. മോഹൻലാൽ മാസ് ബിജിഎമ്മോടുകൂടി പട്ടാളവേഷമിട്ട് ദുരന്തമുഖത്ത് നടക്കുമ്പോൾ കയ്യടിക്കുന്ന വിവരമില്ലാത്തവരാണ് ജനങ്ങളെന്നും വീഡിയോയിൽ പറയുന്നു.

വീഡിയോ ഇറങ്ങി മണിക്കൂറുകൾക്കകം പോലീസ് അജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്വേഷ പ്രചരണമാണ് അജു അലക്സ് നടത്തിയതെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*