റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി സെലന്‍സ്‌കി

യുക്രെയ്ന്‍ :  റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.  റഷ്യന്‍ സൈനിക നടപടി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ മുപ്പത്തിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്.  ‘യുക്രെയ്‌ന് വേണ്ടിയുള്ള ത്യാഗം’ എന്നായിരുന്നു സൈനികരുടെ മരണത്തെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്.  കീവില്‍ നടന്ന ‘യുക്രെയ്ന്‍ യീര്‍ 2024’ എന്ന ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

31,000 വരുന്ന സൈനികര്‍ക്ക് പുറമെ പതിനായിരക്കണക്കിന് സാധാരണക്കാരും റഷ്യന്‍ അധിനിവേശ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  യുദ്ധം അവസാനിക്കാതെ മനുഷ്യനാശത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്നും വൊളോഡിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.  2022 ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യുക്രെയ്ന്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

യുക്രെയ്‌നിലെ സൈനിക നടപടിയില്‍ റഷ്യയ്ക്ക് ഉണ്ടായ ആള്‍നാശങ്ങളുടെ കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  2022-23 വര്‍ഷങ്ങളിലായി യുദ്ധത്തില്‍ പങ്കെടുത്ത 75,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വതന്ത്ര റഷ്യന്‍ മാധ്യമമായ മീഡിയാ സോണ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കം.  ഏകദേശം 3,15,000 റഷ്യന്‍ സൈനികര്‍ യുക്രെയിനില്‍ വച്ച് കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

അതിനിടെ, യുക്രെയ്ന്‍, റഷ്യ യുദ്ധം വീണ്ടും ശക്തമാകുകയാണ്.  യുക്രെയിനിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ശക്തമായി തുടരുകയാണ്.  സാപ്പോരിസിയ, ഖെര്‍സണ്‍ പ്രവിശ്യകളില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക യുക്രെയിന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.  റഷ്യയുടെ ഇറാനിയന്‍ നിര്‍മിത ഷാഹേദ് ഡ്രോണുകളില്‍ 18ല്‍ 16 എണ്ണത്തെയും യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധ സേന തകര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*