ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകൾ; പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ സർവകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  അന്നുതന്നെ 1000 കലാലയ വിദ്യാർഥികൾ ചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജൂൺ അഞ്ചിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‘സീറോ വേസ്റ്റ്’ ക്യാമ്പസ് പ്രഖ്യാപനം നിർവ്വഹിക്കും.  പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.

എൻ സി സി, എൻ എസ് എസ്, കോളജുകളിലെ മറ്റു ക്ലബ്ബുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ്’ സമ്പൂർണ്ണ ശുചിത്വ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റ് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവർത്തനമാണ് ‘സീറോ വേസ്റ്റ്’ ക്യാമ്പസ് പ്രചാരണഭാഗമായി കലാലയ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തുന്നത്

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റാർട്ട്-അപ്പ് തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും.  ലാബുകളിലെ രാസമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമൊരുക്കും.  കോളജുകളിൽ നാപ്പ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററും സ്ഥാപിക്കാൻ വേണ്ട നടപടികളെടുക്കും.  എൻ സി സി, എൻ എസ് എസ്, കോളജിലെ മറ്റു ക്ലബ്ബുകൾ, കോളജ് യൂണിയൻ, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അധ്യാപക-അനധ്യാപക പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രിൻസിപ്പാൾമാർ വിളിച്ച യോഗങ്ങളിൽ പദ്ധതി നടത്തിപ്പിനുള്ള ആസൂത്രണം പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*