പരീക്ഷ എഴുതാൻ അനുവദിച്ചില്ല; മലയാളി വിദ്യാർത്ഥി ജീവനൊടുക്കി

ചെന്നൈ: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്.

ചെന്നൈ എസ്ആർഎം കോളജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാ ഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. 

ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ ആനിഖിനോട് പറഞ്ഞതായി ചില വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നുണ്ട്. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് വിദ്യാര്‍ത്ഥി വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും സൂചനയുണ്ട്. ഡിസംബര്‍ പകുതിയോടെയാണ് ആനിഖ് കോളജില്‍ നിന്ന് കോഴിക്കോട്ടെ വീട്ടില്‍ അവധിക്കെത്തിയത്. ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ആനിഖിന് പലപ്പോഴും ക്ലാസില്‍ കയറാന്‍ കഴിയാതിരുന്നതെന്നും നാട്ടുകാരും മറ്റ് വിദ്യാര്‍ത്ഥികളും പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*